
എന്താണ് ബോധ്യം?
സാമൂഹിക സാമുദായിക സംസ്കാരത്തിൽ നിന്നും കൂട്ടുകുടുംബ വ്യവസ്ഥയിലേക്ക് മനുഷ്യന് ആദ്യം ഒരു പരിണാമം സംഭവിച്ചു. അതുകഴിഞ്ഞ് കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണു കുടുംബ സംസ്കാരത്തിലേക്ക് അടുത്ത പരിണാമം സംഭവിച്ചു. ഇപ്പോൾ ഈ ആധുനിക യുഗത്തിൽ കൂട്ടുകുടുംബ സംസ്കാരത്തിൽ നിന്നും സങ്കുചിത വ്യക്തിഗത മനോഭാവത്തിലേക്ക് മനുഷ്യർ ചുരുങ്ങി.
വ്യക്തിഗത മനോഭാവത്തിലേക്ക് മനുഷ്യൻ വന്നപ്പോൾ നമുക്ക് ചുറ്റും നാം ഇന്ന് കാണുന്നതുപോലെ മനുഷ്യന് ഹൃദയം തുറന്നുള്ള പരസ്പര ആശയവിനിമയത്തിനുള്ള സാധ്യതകൾ കുറഞ്ഞത് കാരണം ആത്മഹത്യാ പ്രവണതകളും മാനസിക സംഘർഷങ്ങളും വർദ്ധിക്കാനിടയായി. വ്യക്തികളുടെയും കുടുംബത്തെയും നിലനിൽപ്പിന്റെ പ്രധാന ഘടകം പരസ്പരം മനസ്സ് തുറന്നുള്ള ആശയവിനിമയം ആണ്. എന്നാൽ ഇന്ന് കുടുംബത്തിനകത്ത് ഭർത്താവ് ഭർത്താവിന്റെതായിട്ടുള്ള ലോകത്തിലും ഭാര്യ ഭാര്യയുടെതായിട്ടുള്ള ലോകത്തിലും മക്കൾ മക്കളുടേതായിട്ടുള്ള ലോകത്തിലും ചുരുങ്ങിയപ്പോൾ ശരിയായ ആശയവിനിമയം നടക്കാതെ വരികയും അതിനോട് അനുബന്ധിച്ചു മാനസിക സമ്മർദ്ദം കൂടാനും തുടങ്ങി. ഇത് ക്രമേണ കുടുംബത്തിന്റെ വിള്ളലുകൾക്കും, വ്യക്തി ബന്ധങ്ങളിലുള്ള അകൽച്ചയ്ക്കും, ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾക്കും കാരണമാവുകയും ക്രമേണ ആത്മഹത്യ, ലഹരിക്ക് അടിമപ്പെടൽ, നിഷ്ഠൂരമായ കൊലപാതകങ്ങൾ എന്നിങ്ങനെയുള്ള നീചമായ പ്രവർത്തികൾ ചെയ്യാൻ തക്കവണ്ണം മനുഷ്യന്റെ മാനസിക നില അധഃപതിക്കാൻ കാരണമായി.

ഇത്തരത്തിലുള്ള ജീവിത പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. സാധാരണ രീതിയിൽ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് സ്ത്രീകളും കുഞ്ഞുങ്ങളും ഈ അവസ്ഥയിൽ നിന്നും സ്വയം മോചനത്തിനുവേണ്ടി ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെ ആണ്. എന്നാൽ പലപ്പോഴും അവർ ചെന്ന് വീഴുന്നത് സോഷ്യൽ മീഡിയയ്ക്ക് അകത്ത് ദുരുദ്ദേശത്തോടുകൂടി മുതലെടുപ്പിന് വേണ്ടി സജ്ജമാക്കി വെച്ചിരിക്കുന്ന ചതിക്കുഴികളിൽ ആണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മുതലെടുത്ത് അപായപ്പെടുത്തുന്ന സംവിധാനങ്ങളെക്കുറിച്ചും ഒപ്പം മനുഷ്യ മനസ്സിന്റെ താളം തെറ്റിയുള്ള ജീവിതക്രമത്തെ യഥാസ്ഥാനപ്പെടുത്താനും അതിലേക്കായി അവരെ സഹായിക്കാനും എന്ത് ചെയ്യാം എന്നുള്ള ദീർഘനാളത്തെ ആലോചനയുടെയും പരിശ്രമത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞു വന്ന ഒരു ആശയത്തിൽ നിന്നാണ് ബോധ്യം എന്ന സ്ത്രീ സുരക്ഷാ സമിതി ഉടലെടുക്കുന്നത്.
ബോധ്യത്തിന്റെ ആദ്യത്തെ ചുവടുവെപ്പ് എന്നത് പരസ്പര ആശയവിനിമയമില്ലായ്‌മ എന്ന പ്രശ്നപരിഹാരത്തിനു വേണ്ടി സുതാര്യവും വിശ്വാസയോഗ്യവും ആയ രീതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പരസ്പര ആശയ വിനിമയയത്തിനായി ഒരു പ്ലേറ്റ്ഫോം ഒരുക്കുക എന്നതാണ് .
ഈ പരസ്പരമുള്ള ആശയവിനിമയ വേളയിൽ ഏതെങ്കിലും സ്ത്രീകൾക്കോ കുട്ടികൾക്കോ ശാരീരികമായോ മാനസികമായോ ഉള്ള ബുദ്ധിമുട്ടുകളോ, കൂടാതെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളോ പീഡനങ്ങളോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളോ ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം സർക്കാറിന്റെ അതാത് വകുപ്പിലെ അധികാരികളുമായി സഹകരിച്ചുകൊണ്ട്.... (വേഗത്തിൽ) ഈ വ്യക്തികളുടെ ജീവിതത്തിൽ പ്രശ്നപരിഹാരം നടത്തുന്നതിനുവേണ്ടി മനുഷ്യാവകാശ നിയമത്തിന്റെ പിൻബലത്തോടെ ബോധ്യം എന്ന സുരക്ഷാ സമിതി ചുവടുവെക്കുന്നു.
സർക്കാർ രജിസ്ട്രേഷൻ ഉള്ള ലൈഫ് ഗിവിങ് ന്യൂസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് ബോധ്യം എന്ന സ്ത്രീ സുരക്ഷാ സംഘടന ഇപ്പോൾ പ്രവർത്തിക്കുന്നത്. മുന്നോട്ടുള്ള സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ബോധ്യം കമ്മീഷൻ രൂപീകരിക്കുന്നതാണ്.
Thank You!
